
രാവിലെ പത്രത്തിന്റെ മുന്‍ താളിലെ കളര്‍ ഫോട്ടോ കണ്ടപ്പോഴാണ് അയാള്‍ ഓര്‍ത്തത്, ഇന്ന് അത്തം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ തിരുവോണം. ഓണത്തിന്റെ നഷ്ട്ടപെട്ടു പോകുന്ന നന്മകളെ ഓര്‍ത്തു അയാള്‍ കസേരയിലേക്ക് ചാരി കിടന്നു.
ഓണത്തിന്റെ ഓര്‍മ്മകള്‍ ഓരോന്നായി അയാളുടെ മനസിലേക്ക് ഓടിയെത്തി. ഓണം എന്ത് രസമായിരുന്നു പണ്ടൊക്കെ! പൂവിളിയും, പുലികളിയും പൂക്കളങ്ങളും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി എന്തൊരു മേളമായിരുന്നു. എന്നാല്‍ ഇന്നോ? വിപണന തന്ത്രങ്ങളിലും, വീട്ടിലെ ടെലിവിഷനിലും, ഒരു സൊസൈറ്റി പരുപാടിയുമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കഷ്ട്ടം!
എല്‍ കെ ജി യില്‍ പഠിക്കുന്ന മകന്റെ 'ഡാഡി' എന്ന വിളി അയാളെ ഓര്‍മകളുടെ ലോകത്ത് നിന്നും ഉണര്‍ത്തി. 'എന്ത് വേണം?' അയാള്‍ ചോദിച്ചു, മറുപടിയും ഒരു മറുചോദ്യമായിരുന്നു ' എനിക്കൊരു ഊഞ്ഞാല് കെട്ടിതരുമോ? ആ നിഷ്കളങ്കമായ ചോദ്യത്തിന് മുന്പില് അയാള്‍ ഒന്ന് പകച്ചു, കെട്ടി കൊടുക്കണം എന്നുണ്ട് പക്ഷെ എവിടെ? അവസാനം കാറ് പോര്‍ച്ചില്‍ നിന്നും ഇറക്കിയിട്ട് ഊഞ്ഞാല് കെട്ടികൊടുത്തു സന്തോഷത്തോടെ അയാള്‍ വീടിനുള്ളിലേക്ക് പോയി.
തിരക്ക് പിടിച്ചു ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴാണ് അയാള്‍ അത് കണ്ടത്, കുഞ്ഞന്‍ ആകെ വിഷമിചിരിക്കുന്നു. അടുത്ത് ചെന്ന് വാത്സല്യത്തോടെ അയാള്‍ ചോദിച്ചു ' എന്ത് പറ്റി കുഞ്ഞേ?' ഒറ്റയ്ക്ക് കളിയ്ക്കാന്‍ ഒരു രസവുമില്ല ഡാഡി' നിരാശ കലര്‍ന്ന സ്വരത്തില്‍ അവന് മറുപടി പറഞ്ഞു. പെട്ടന്ന് അയാളുടെ മുഖം വാടി, ശരിയാണ് അവനു കൂടെയാടാന്‍ കൂട്ടുകാരോ, ഉണ്ട ഇട്ടാട്ടാന്‍ സഹോദരങ്ങളോ ഇല്ല. ഒന്നും പറയാതെ അയാള്‍ കാറുമെടുത്തു ഓഫിസിലേക്കു ഇറങ്ങി.
വൈകിട്ട് തിരിച്ചു വന്നപ്പോള്‍ അയാളുടെ കയ്യില്‍ പുതുതായി വിപണിയില്‍ ഇറങ്ങിയ ഊഞ്ഞാലിന്റെ വീഡിയോ ഗെയിം ഉണ്ടായിരുന്നു, അത് കംപുട്ടരിലാക്കി കുട്ടിയെ അതിന്റെ മുന്പില് ഇരുതിയപ്പോള്‍ ആ കുഞ്ഞിന്റെ സന്തോഷം അതിരുകള്‍ ഭേദിച്ചു. അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആത്മസംതൃപ്തിയോടെ അയാള്‍ പിറുപിറുത്തു 'ഓണം വന്നിരിക്കുന്നു'...